Monday, October 13, 2008

ന്റെ അമ്മ... | my dear mom

" ഇത് ഒരു പഴയ കഥയാണ്. സ്കൂളിലെ യുവജനോത്സവത്തില്‍ എനിക്ക് ചെറുകഥയില്‍ ആദ്യമായി ഒന്നാംസ്ഥാനം കിട്ടിയ കഥ. അന്ന് വിഷയം അമ്മയുടെ കാലില്‍ വീണ്‌ കരയുന്ന ഒരു കുട്ടിയായിരുന്നൂ. കഥയുടെ ഗതിയറിയാത്ത കാലത്ത് ഞാനെഴുതിയ ആ കുഞ്ഞു കഥ, ഒരുപാടു നാളുകള്‍ക്ക് ശേഷം ഒന്നൂടെ ഓര്‍ത്തെടുത്തു. അപ്പോ തോന്നി എഴുതാംന്ന്. വല്യ ഒരു സ്റ്റാന്‍ഡേര്‍ടൊന്നുമില്ലാത്ത നാട്ടിന്‍പുറത്തെ ഒരെട്ടാംക്ലാസുകാരന്റെ മനസ്സിലുദിച്ച ഒരു കഥ."
  
"ന്റെ അമ്മ..."
ഇന്നലെയല്ലെ ശരിക്കും വായിക്കാന്‍ പറ്റിയത്... ഇന്നത്തെ പരീക്ഷയ്ക്ക് അതോണ്ട് തന്നെ എഴുതീല്ല്യെ. നാല്‍പത്തി എട്ടരമാര്‍ക്കല്ലെ സ്ലേറ്റില്‍ കിടക്കുന്നത്.


ഒന്നര മാര്‍ക്ക് കേട്ടെഴുത്തിലാ പോയീത്. അത്പ്പോ അമ്മയ്ക്ക് പറഞ്ഞാമനസ്സിലാവും. ഒരൂസംകൊണ്ടെങ്ങന്യാ ല്ലാം വായിച്ച് തീരാ? ദൈവത്തിന്റെ ദ ല്ലെ മാറീട്ടൊള്ളൂ... സാരല്ല്യ! ഇനി റീനടീച്ചര്‍ അമ്മേനെ വഴക്കു പറില്ല്യല്ലൊ ന്റെ മാര്‍ക്ക് കൊറഞ്ഞിട്ട്. കണ്ണിന്‌ സുഖല്ല്യാത്തോണ്ടല്ലെ വായിക്കുമ്പ തല്വേദന വന്നീര്ന്നത്. കണ്ണട വാങ്ങാന്‍ അമ്മേടെ അട്ത്ത് പൈസല്ല്യാഞ്ഞോണ്ടല്ലെ കഴിഞ്ഞ പരീക്ഷയ്ക്ക് മാര്‍ക്കൊറഞ്ഞത്.


പരീക്ഷടെ തലേന്ന് ഗോപാലേട്ടന്റെ വീട്ടിലെ പൈസ കിട്യതോണ്ട്പ്പോ കണ്ണടവാങ്ങാന്‍ പൈസണ്ടായി. അല്ലെങ്കില്‍ ഞാനും അമ്മേംപ്പോന്തുചെയ്യാര്‍ന്നൂ? ആ നിയ്ക്കറീല്ല്യ... സുഖല്ല്യാഞ്ഞിട്ടും ന്നലെ തന്നെ പോയി കിട്ട്യപൈസോണ്ട് അമ്മ കണ്ണട വാങ്ങിതന്ന്ത് ന്നന്‍യ്ക്ക് പരീക്ഷണ്ടായതോണ്ടല്ലെ. നിക്ക് കണ്ണിന്‍ അസുഖല്ല്യെങ്കില്‍ ആ പൈസോണ്ട് അമ്മ്യ്ക് മരുന്ന് മേടിക്കരുന്നൂ. നിപ്പോ അതിനെന്താ ചെയ്യാവോ?
സ്ളൈറ്റിലെ മാര്‍ക്ക് മായാണ്ട് വീടെത്യാ മത്യാരുന്നു. ഇത്തിരി മാഞ്ഞത് തഴെട്ട അമ്പതാ. അതു കൊഴപ്പ്ല്ല്യാ...ല്ലാരും നോക്ക മോളിലെ മാര്‍ക്കല്ലെ, താഴെല്ലാര്‍ക്കും അമ്പതന്നല്ലെ, പതിമൂന്നു മാര്‍ക്ക്ട്യെ സിന്ദൂട്ടിക്കും താഴെ അമ്പതന്നെല്ലെ... പിന്നെന്താ

ന്തായാലും ഇത്ര മാര്‍ക്ക് കാണുമ്പോ അമ്മയ്ക്ക് സന്തോഷാവും. ഉമ്മേം കിട്ടും. ത്ര ദിവസായി അമ്മേടെ ഉമ്മ കിട്ടീട്ട്... ന്നോ കിട്ടീതാ. പണ്ടൊക്കെ എടയ്ക്കെടയ്ക്ക് കിട്ടീണ്ടാര്‍ന്നൂ. പ്പോ അമ്മയ്ക്ക്ന്നോട് സ്നേഹം കൊറഞ്ഞോ... ഏയ്, ന്നല്ലാതെ ആര്യാ അമ്മ സ്നേഹിക്കാ... നിക്കമ്മേം അമ്മയ്ക്കു ഞാനും മാത്രെള്ളൂന്ന് അമ്മ ന്നലേംങ്കൂടെ പറഞ്ഞതല്ലെ.വേഗം നടക്കാ, ന്നാ പെട്ടെന്നെത്താലോ. അതല്ലേ ഗ്രീഷ്മെടേം രതീടേം കൂടെ പോരഞ്ഞെ, അവര്ടെ കൂടെ വന്നാല്‌ പാടത്ത്നിന്ന് മീനിനെ ഒക്കെ നോക്കി നേരമ്പോവും. അപ്പൊ എങ്ങാനും മാര്‍ക്ക് മാഞ്ഞുപോയാലോ...പിന്നെ വെശക്കുന്നൂണ്ട്. രാവിലെ ചായമാത്രല്ലെകുടിച്ചുള്ളൂ, പരീക്ഷായതോണ്ട് സ്കൂളിലുംല്ല്യല്ല്ലോ ചോറ്.

ഹാവൂ, കാണാണ്ടല്ലോ വേലി... അരാ അവിടെ നിക്ക്ണെ... ആരാവോ...അറയാത്ത അളാ... ഇനി ഓടാം.. ഒറ്റോട്ടത്തിനു അമ്മേടെ അടുത്തെത്താം...തെന്താ കൊറേ ആള്‍ക്കാര്, അപ്രത്തെ വീട്ടിലെല്ലാരുംണ്ടല്ലോ. കസേര ഒക്കെ അരാ കൊണ്ട്വന്നെ? അമ്മെവിടെ? വരൊക്കെന്താ ന്നെ ങ്ങനെ നോക്കണെ? നാണിചേച്ച്യെന്തിനാന്റെ കയ്യ് പിടിച്ചത്. ആ സ്ളേറ്റിലിന്റെ മാര്‍ക്ക്ണ്ട് മായോ അത്? കൊറേ ആള്‍ക്കാര്ണ്ടല്ലോ. ത്പ്പെന്താ? നിക്കൊന്നും മനസ്സിലാവീണില്ലാ... അമ്മെവിടെ, വരൊക്കെ വന്നപ്പോ അമ്മ എങ്ങോട്ടാ പോയത്?

അയ്യോ.... അമ്മേ...

ന്റമ്മേ... അമ്മേന്റെ മോളൂട്ട്യാമ്മെ...
അമ്മേ... ന്റമ്മല്ലേ....
അമ്മേ... അയ്യോ.... വിളികേക്കമ്മെ... നിക്ക് മാര്‍ക്ക് കിട്ട്യമ്മേ..
ന്റെ സ്ലേറ്റ് നോക്കമ്മേ... അമ്മേ....
അമ്മേ.... ന്റമ്മേ...

Tuesday, October 7, 2008

മെഴുകുതിരിനാളം പോലെ | mezhukuthirinalam poole

വൈകുന്നേരം.
ജനലിലൂടെ നോക്കുമ്പോള്‍, പകല്‍ മുഴുവന്‍ പെയ്ത മഴയില്‍, കുളിര്‍ന്നു നില്ക്കുന്ന പച്ചപ്പ്. ദൂരെ എവിടെ നിന്നോ കേള്‍ക്കുന്ന കിളിനാദം ഒഴിച്ചാല്‍ തീര്‍ത്തും നിശ്ശബ്ദമായ തേയിലത്തോട്ടം. കണ്ണെത്തും ദൂരത്തെങ്ങും ഒരു ജീവിയെപ്പോലും കാണാനില്ല. വായിച്ചു തീര്‍ന്ന പുസ്തകം ടേബിളിന്റെ മുകളിലേക്കിട്ടു. അടുക്കിവയ്ക്കാത്ത മറ്റുചില പുസ്തകങ്ങള്ക്കും എഴുതി പാതിയാക്കിയ ചിലപേപ്പറുകള്ക്കും മുകളില്‍ അലസമായിക്കിടന്നൂ ആ പുസ്തകവും.

ഇരുള്‍വീഴുന്നതിന്നുമുന്പ് ഒന്നു നടന്നിട്ടു വരാം. ഇവിടെ ഇങ്ങനെയാണ്. സന്ധ്യ പെട്ടെന്നെത്തും, കിളികള്‍ നേരത്തേ കൂടണയും.ഇരുട്ടും നക്ഷത്രങ്ങളും, സ്വയം തിര്ഞ്ഞെടുത്ത എന്റെ ഈ ഏകാന്തതയ്ക്കു, കൂട്ടിരിക്കാന്‍ വരും...


നടത്തം തുടങ്ങീ... എസ്റ്റേറ്റിന്റെ മനോഹരമായ നിശ്ശ്ബ്ദതയിലൂടെ. ഒഴിവുദിവസങ്ങളില്‍ എനിക്കിഷ്ട്ടപ്പെട്ട ഒരു വിനോദമാണിത്. ഇലനുള്ളാനും മരുന്നടിക്കാനും എത്തുന്ന ജോലിക്കാര്‍ക്ക് നടക്കനായുണ്ടാക്കിയ ഈ ഇടുങ്ങിയ വഴികളിലൂടെ നടക്കുമ്പോള്‍ വെള്ളത്തുള്ളികള്‍ കയ്യിലും കാലിലും വീഴുന്നുണ്ട്, അരികില്‍ വെട്ടി മനോഹരമായി നിര്‍ത്തിയിരിക്കുന്ന, ഗാര്‍ഡന്‍ ബുഷിനെപ്പോലെയുള്ള, ഈ തേയിലച്ചെടികളില്‍ നിന്നും


വെറുതേ നടക്കുമ്പോള്‍ എന്തൊക്കെയോ മനസ്സില്‍ വന്നൂ..എല്ലാറ്റിനും ഒരു നൊസ്റ്റാള്‍ജിക് ടച്ച് ഉണ്ട്. അത് ഇന്നും ഇന്നലേയും തുടങ്ങിയറ്റല്ലല്ല്ലോ! ഈ എസ്റ്റേറ്റിന്റെ ഹൃദയത്തുടിപ്പുകളിലേക്കും സൌന്ദര്യത്തിലേക്കും ഇവിടെയുള്ളഏകാന്തതയുടെ നിശ്ശബ്ദതയിലേക്കും എത്തിചേര്‍ന്ന ആ ജനുവരിയുടെ തണുപ്പുമുതല്‍ ഓര്‍മ്മകള്‍ക്ക് ഈ നൊസ്റ്റാള്ജിക്‌ ടച്ച് ഉണ്ട്. ഒരുപക്ഷേ ശബ്ദമുഖരിതമായ നഗര ജീവിതത്തിന്റെ ഓര്‍ക്കനിഷ്ട്ടപ്പെടാത്ത അനുഭവങ്ങളില്നിന്നും ഒളിച്ചോടിയതിന്റെ ആഫ്ടര്‍ ഇഫ്ഫെക്ട് ആവാം...


പ്രകൃതിയുടെ സൌന്ദര്യം ഹരിത വര്‍ണ്ണത്തില്‍ മാത്രം ചാലിച്ചു വരച്ച ഒരു ചിത്രം പോലെയുള്ള ഈ കുന്നിന്‍ചെരുവുകളില്‍ കൂടിയുള്ള ഈ നടത്തം മനസ്സിനെയും ശരീരത്തെയും ഒരുപാടു കുളിര്‍പ്പിക്കുന്നൂ. പുതച്ചിരിക്കുന്ന പുതപ്പിന്നിടയില്‍ കൂടെയും തണുപ്പരിച്ചിറങ്ങിത്തുടങ്ങി.


നടത്തം അവസാനിപ്പിക്കുന്നതു ഈകുഞ്ഞു വെള്ളച്ചാട്ടത്തിനടുത്താണ്. മലമുകളില്‍നിന്നും വരുന്ന ഈ വെള്ളത്തിന്ന് എന്തൊരു തണുപ്പാണ് ! കാലും കയ്യും കഴുകിയ ശെഷം തിരിച്ച്നടന്നൂ...മുഖം കഴുകാറില്ല ഈ വെള്ളത്തില്‍, എന്തോ അങ്ങെയാണ് ശീലം.


സന്ധ്യ ഇങ്ങെത്തിക്കഴിഞ്ഞിരിക്കുന്നൂ.പതുക്കെ ഇരുട്ടിന്റെ പുതപ്പും തണുപ്പും എത്തിനോക്കുന്നൂ. ഒറ്റയ്ക്കുള്ള തിരിച്ചു നടത്തം എന്നും വിരസമാണ്.ഒരു കുഞ്ഞു നിരാശ മനസ്സില്‍ ചേക്കേറിക്കഴിഞ്ഞിരിക്കുന്നൂ.എന്തിനാണെന്നറിയില്ല. മനസും ജീവിതവുമായുള്ള ബന്ധ മായിരിക്കും അതിന്നു കാരണം. പണ്ടുമുതലേ നിരാശയ്ക്കു കാരണം ഞാന്‍ അന്വേഷിക്കറില്ല. എങ്കിലും ഞാന്‍ ഇഷ്ടപ്പെടുന്നൂ നിരാശയോടുള്ള ഈ തിരിഞ്ഞു നടത്തങ്ങളും.


എസ്റ്റേറ്റ് ബഗ്ലാവിന്റെ സൌന്ദര്യം ഈ പ്രകൃതിയോടു ചേര്‍ന്ന് നില്ക്കുന്നൂ. മഞ്ഞിന്റെഒരാവരണം കൂടെയാവുമ്പോള്‍ അതിന്റെ ഭംഗി, പണ്ട് സ്വപ്നം കണ്ട രാജ്ഞിയുടെ കൊട്ടാരം പോലെ, മനോഹരം.


കറണ്ടു വന്നിട്ടില്ല.ഉച്ചയ്ക്കു പോയതാണ്. ഇനി ഒരുപക്ഷയേ വരൂ.വാതില്‍ തുറന്നു. മെഴുകുതിരി മേശപ്പുറത്തുതന്നെയുണ്ട്, ലൈറ്ററും. മെഴുകുതിരി കത്തിചു ചിരട്ടകൊണ്ടുണ്ടാക്കിയ സ്റ്റാന്റില്‍ വച്ചു.നീ എന്നില്‍ അവശേഷിക്കുന്നത് ഈ മെഴുകുതിരി സ്റ്റാന്റില്‍ മാത്രമാണ്. അന്ന് നമ്മള്‍ ആദ്യം കണ്ടതിന്റെ ഓര്‍മ്മ പുതുക്കന്‍ നീ മെഴുകുതിരികത്തിച്ചുവച്ച ഈ മെഴുകുതിരി സ്റ്റാന്റ് മത്രമാ‍ണ് ഇന്ന് നിന്നെ ഓര്‍മ്മിപ്പിക്കാന്‍ എന്റെ കൂടെയുള്ളത്. മറ്റെല്ലാം നഷ്ട്മായിരിക്കുന്നൂ, ഓര്‍മകളൊഴിച്ച്.


കസേര വലിച്ചിട്ട് മെഴുകുതിരിക്കടുത്തിരുന്നൂ. ജനലിലൂടെ കര്‍ട്ടനെ വകഞ്ഞുമാറ്റിക്കൊണ്ട് കാറ്റു വരുന്നുണ്ട്. ഇരുളിന്റെ തണുപ്പുള്ള കാറ്റ്. മെഴുകുതിരിനാളം നിന്നെപ്പോലെയാണ്. ഒരു കുഞ്ഞു കാറ്റിന്റെ താളത്തിന്നനുസരിച്ച് അതിളകാന്‍ തുടങ്ങിയിരിക്കുന്നൂ...ഈ സന്ധ്യക്ക് ഞാന്‍ മെഴുകുതിരി കത്തിച്ചത് നിന്നെ ഓര്‍ക്കന്‍ വേണ്ടിയായിരുന്നോ ? അതോ എനിക്കിത്തിരി വെളിച്ചം കിട്ടാനോ? രണ്ടുമല്ല. എനിക്കെന്റെ നിഴലിനെ കൂട്ട് കിട്ടാനാണ്! ഈ ഏകന്തതയില്‍ കൂട്ടിരിക്കാന്‍ ഇവിടെ നിഴലിനെയെങ്കിലും വേണം എനിക്ക്. അത് എന്റെ മാത്രമാണ്.സ്വയം ചിന്തിക്കനുള്ള കഴിവും സ്വന്തമായി ആഗ്രഹങ്ങളും ഇല്ലാത്തുകാരണം നിഴല്‍ എന്റെ കൂടെതന്നെ ഉണ്ടാവും, എന്നും. ഇഷടമാണോ അല്ലയോ എന്ന് നിഴലിനോട് ഇന്നു വരെ ഒന്നിനെക്കുറിച്ചും ഞാന്‍ ചോദിച്ചിട്ടില്ലാ. എന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും നിഴലിനും ഇഷ്ട്മായിരിക്കും. അതും ചോദിച്ചിട്ടില്ല.


കാറ്റിന്ന് ശക്തി കൂടിക്കൂടിവരുന്നൂ. മെഴുകുതിരിനാളം വല്ലണ്ടാടി ഉലയുന്നുണ്ട്. ആഗ്രഹങ്ങളില്‍ പെട്ട് നിന്റെ മനസ്സാടി ഉലഞ്ഞ പോലെ.കൈകള്‍ ചേര്ത്തുവച്ച് ആ തിരിനളത്തെ കാറ്റിന്റെ വേഗതയില്‍ നിന്നും സംരക്ഷിക്കുകയാണ്‌ ഞാനിപ്പോള്‍. എന്റെ നിഴലിനെ കൂടെ നിര്‍ത്താനുള്ള ശ്രമമായി നീ അതിനെ വ്യാഖ്യാനിക്കുമായിരിക്കും ഇപ്പോള്‍. എന്റെ മോഹങ്ങള്‍ക്ക് നീ നല്കിയ വ്യഖ്യാനം 'സെല്‍ഫിഷായ ഒരാളുടെ മാനസിക ചാപല്യം' എന്നല്ലേ!സ്നേഹത്തിന്റെ പുല്‍മേടുകള്‍ നിനക്കെന്നും പ്രായോഗികതയുടെ വേലിക്കെട്ടിനപ്പുറത്തയിരുന്നല്ലോ..


കാറ്റ് വല്ലാണ്ട് വീശുന്നു. തണുപ്പും വരുന്നു. ഈ കൈകളുടെ മറയില്‍ മെഴുകുതിരിനാളത്തെ കൂടുതല്‍ സമയം കത്തിച്ചുകൊണ്ടു നിര്‍ത്താന്‍ പറ്റും എന്ന് തോന്നുന്നില്ലാ.ഞാന്‍ ജനലടച്ചിട്ട് വരാം. കര്‍ട്ടനും നീക്കിയിടണം.


ശ്ശോ... അതിന്നിടയില്‍ വന്ന ആ കാറ്റ് മെഴുകുതിരി നാളത്തെ കൊണ്ടുപോയിരിക്കുന്നൂ, ഒരു പാടു ദൂരെയ്ക്ക്. എന്റെ നിഴലിനേം. ഞാന്‍ വീണ്ടും ഒറ്റയ്ക്കയിരിക്കുന്നു. ഇനിയും കത്തിക്കണോ? വേണ്ട... ഏകാന്തതയും അന്ധകാരവും ഇന്നെനിക്ക് ശീലമായിരിക്കുന്നൂ.ഉറങ്ങുവോളം ഇനി മറ്റെന്തെങ്കിലും ആലോചിക്കാം, കണ്ണടച്ചിരുന്ന്...

Followers

Archive